Monday, December 1, 2008

മൂരാച്ചി

ഓര്‍ക്കാപ്പുറത്ത് കേറിവന്നാകെ തണുപ്പിച്ച്
ഓര്‍ത്തെടുക്കാനിടയാക്കാതെ ഭ്രാന്ത്‌ പിടിപ്പിച്ച്
അങ്ങാടിയിലും അടുക്കളയിലും അദൃശ്യയായ്
ആലിംഗനങ്ങളിലൂടെ
എന്നെ കൂടുതല്‍ മനുഷ്യനാക്കി നീ.

പുസ്തകം മടക്കിവെച്ച് നിന്നെ ധ്യാനിച്ച്
ആണ്‍കുട്ടികള്‍ കരയാറില്ല എന്നുറപ്പിച്ച്
ഇടിവെട്ടേറ്റപോലെ,
ആരോ വലിച്ചെറിഞ്ഞ ഒരുകല്ലുപോലെ ഞാന്‍.

പ്രണയം ഒരു ചീത്ത വികാരമാണ്
ഒരു പെററിബൂര്‍ഷ്വായുടെ മൂരാച്ചി വികാരം.

Tuesday, November 25, 2008

പ്രണയവൈജ്ഞാനികം

തൊങ്ങലുകളാണ്,
അല്ലെങ്കില്‍ ആടയാഭരണങ്ങള്‍.
ഓരോന്നായെടുത്ത് മാറ്റിനോക്കൂ,
അപ്പോള്‍ കാണാം
ഏറ്റവുമടിയില്‍
ഇളിച്ചുകൊണ്ട് കുത്തിയിരിക്കുന്നത്;
അത്യാവശ്യം, ജൈവശാസ്ത്രപരം.

Tuesday, November 11, 2008

ഗുഹകള്‍

ഇരുണ്‍ടാഴമേറിയ ഗുഹകളുണ്ടെന്നില്‍.
നഷ്ടപ്പെടും ഞാനൊരുദിനം,
ഏതെന്കിലുമൊന്നില്‍.

Thursday, October 30, 2008

പ്രണയാര്‍ബുദം

അകത്തളങ്ങളിലെവിടെയോ ആണ് മുളപൊട്ടിയത്.
'ഊം, അതുതന്നെ, അതുതന്നെ'.
പകല്‍ നിഷേധക്കുറിപ്പിറക്കി,
രാത്രി തലചൊറിഞ്ഞു ചികഞ്ഞു;
എപ്പോഴാണോ, എങ്ങിനെയാണോ?
കിരണചികില്‍സ നോക്കി
ഫലിക്കുന്നില്ല.
വൈകിപ്പോയെന്ന് വൈദ്യന്‍
വന്നുകിട്ടണ്‍ടേയെന്നു ഫലിതം പറഞ്ഞു.
മുള വളര്‍ന്നു, പടര്‍ന്നു
വെളളപുതച്ചുകിടക്കുമെന്നുറപ്പിക്കുവോളം,
ചത്തുമലര്‍ന്നുകിടക്കുമെന്നുറപ്പിക്കുവോളം.

Sunday, October 26, 2008

മൈന്‍ഫീല്‍ഡ്

"പെണ്‍കുട്ടി ഒരു രാഷ്ട്രമാണ്" എന്നൊരു കവി.
കവേ, സര്‍വബഹുമാനത്തോടും കൂടി വിയോജിക്കട്ടെ;
പെണ്‍കുട്ടി ഒരു മൈന്‍ഫീല്‍ഡാണ്.
ഫലമില്ല, എന്നാലും പറയട്ടെ
'ജാഗ്രത, ജാഗ്രത'...ശ്രദ്ധയോടെ വേണം ഓരോ ചുവടും
പക്ഷെ എത്ര ജാഗരൂകനായാലും നിങ്ങള്‍ ചിന്നിച്ചിതറാം
ആകസ്മികമായൊരു സ്ഫോടനത്തില്‍.

Friday, September 26, 2008

പ്രകൃതിനിയമം

പച്ചപ്പ്‌
നിറവ്
സമൃദ്ധി...
എല്ലാവരും യാത്രയാണ്
എന്തൊക്കെയോ തേടി
കാണില്ലാരും
വിട്ടൊഴിഞ്ഞു പോകുന്നിടങ്ങളുടെ
പച്ചപ്പ്‌
നിറവ്
സമൃദ്ധി
കണ്ണീര്‍...

Friday, September 19, 2008

അടയാളരേഖകള്‍

നിന്‍റെ കൂട്ടുകാരികള്‍
നീ ചാരിനിന്ന ചുമര്‍
അതിലെ പായല്‍പാടുകള്‍
എന്തിന്, പശ്ചാത്തലശബ്ദം പോലും കൃത്യമാണ്.
വരാത്തത് നീ മാത്രമാണ്.
ധ്യാനിക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി
എന്നിട്ടും നിന്‍റെ സ്ഥാനത്ത് തെളിയുന്നത് അടയാളരേഖകള്‍ മാത്രം;
കൊല്ലപ്പെട്ടവനെ നിയമം അടയാളപ്പെടുത്തിയപോലൊന്ന്‌.

പ്രണയം

വര്‍ഷങ്ങള്‍ക്ക് ശേഷം പിന്നിലേക്ക് നോക്കുക.
നനുത്ത ശബ്ദം.
വിയര്‍ത്ത പിന്‍കഴുത്തിലെ മറുക്.
ഏത് നിമിഷവും നിറഞ്ഞേക്കുമെന്ന് നിങ്ങള്‍ ഭയന്ന കണ്ണുകള്‍.
എല്ലാം ഒരിരംബലിന്‍റെ അകമ്പടിയോടെ
തിക്കിത്തിരക്കുന്നുവെന്കില്‍ ഉറപ്പിക്കുക.

Wednesday, September 17, 2008

മൂന്നാമത്തെ പെഗ്ഗിലെ മഞ്ഞുകട്ട

മൂന്നാമത്തെ പെഗ്ഗില്‍ വീഴുന്ന മഞ്ഞുകട്ട
അമൃതിനൊപ്പം ഉയരുകയായ്:
അജ്ഞാനിയെ ബ്രഹ്മജ്ഞാനിയാക്കിയ മുഖം
(ഒപ്പം മൂഷികസ്ത്രീയുടെ കഥയും).
വിരിപ്പിന്‍റെ ആകാശനീലിമ,
വിയര്‍പ്പുതീര്‍ത്ത അമൂര്‍ത്തചിത്രം;
ഫീമെയ്ല്‍ അനാട്ടമി.
മുകേഷിന്‍റെ വിഷാദം ഘനീഭവിച്ച ശബ്ദം.
അസ്തമയക്കടല്‍ കടക്കുന്ന രണ്ടു പക്ഷികള്‍.
മെലിഞ്ഞ കൈവിരലുകളിലെ കണ്ണുനീര്‍ മോതിരങ്ങള്‍.

Monday, September 15, 2008

ചിഹ്നങ്ങള്‍

ചിഹ്നങ്ങളൊരിക്കലും പിടിതരുന്നില്ല.
അതെന്നും അങ്ങിനെയായിരുന്നു;
ആശ്ചര്യം വേണ്ടിടത്ത് അര്‍ദ്ധവിരാമം
അര്‍ദ്ധവിരാമം വേണ്ടിടത്ത് അല്പവിരാമം
അല്പവിരാമം അതാണേറ്റവും പ്രശ്നം;
കൊലക്കത്തി വീണ മാടിന്റെപിന്‍കാല് മണണിലവശേഷിപ്പിച്ചപോലൊന്നു
എന്നിട്ടും അല്പവിരാമതതിന്റെഉപയോഗങളില്‍ ഒരിക്കലും വരുന്നില്ല
വെപ്രാളത്തിന്‍റെ തീക്ഷ്ണത
എല്ലാ ആശയക്കുഴപ്പങ്ങളും തീരും ഒരൊററവിരാമത്തില്‍.

Monday, September 1, 2008

ശേഷിപ്പ്

ഉത്സവങ്ങളെല്ലാം കൊടിയിറങ്ങി.
കൂട്ടുകാര്‍ പടിയിറങ്ങി.
തിമിര്‍പ്പി‍ന്‍റെ തിണര്‍പ്പു‍കളും
ആസുരനൃത്തം കനിഞ്ഞുനല്‍കിയ
കൂനുകളും ബാക്കി.

Thursday, August 28, 2008

മനസ്സ്

ഉറങ്ങാന്‍പേടിയാണ്.
ഉറക്കത്തില്‍വീഴുമ്പോള്‍
മനസ്സില്‍വീഴുന്നു;
കിണററില്‍വീണുമരിച്ചവന്‍റെമനസ്സ്.
മണ്ണിനുംജലത്തിനുമിടയില്‍
നിലതെററിപ്പോയവന്‍റെ
തീപിടിച്ചമനസ്സ്.

Saturday, August 23, 2008

മറന്നു ഞാന്‍

കണ്ണിലെ തിളക്കം,
കവിളിലെ മറുക്,
ദൈവം കൊത്തിയതെന്നു
ഞാന്‍ കരുതിയ കഴുത്ത്‌.
പൊറുക്കണം പ്രിയേ
എനിക്കൊന്നുമോര്‍ത്തെടുക്കാന്‍കഴിയുന്നില്ല.
അഥവാ ഞാനെല്ലാം മറന്നിരിക്കുന്നു.
ഇതിനായിരുന്നുവോ,
ഇതിനെയായിരുന്നുവോ,
'ജന്മാന്തരങ്ങള്‍ നീളുന്ന
തേങ്ങാക്കൊല' എന്നുവിളിച്ച്
നാം ഉറക്കം കളഞ്ഞത്?

അന്തരം

ദൈവമേ!
ഈ അന്തരം
ചിന്തക്കും വാക്കിനുമിടയില്‍
വാക്കിനും പ്രവൃത്തിക്കുമിടയില്‍
ദൈവമേ
എന്നെക്കുറിച്ച്
ഞാനിങ്ങനെയോന്നുമല്ലല്ലോ
വിചാരിച്ചിരുന്നത്!

ജീവിതം

കീഴടങ്ങലിന്‍റെയും
സന്ധിയുടെയും
പലായനത്തിന്‍റെയും
മുഷിഞ്ഞകിടക്കകളില്‍
ഒരിക്കലുംമൂര്‍ഛിക്കാതെ
അനുസ്യൂതംതുടരുന്നരതി.
യാത്രയാണ്. ലഹരിയുടെനിലയില്ലാക്കയങ്ങളിലേക്കോ, ഭ്രാന്തിന്‍റെചതുപ്പിലേക്കോ? നിശ്ചയമില്ല. എന്താണുപ്രശ്നം? ഒന്നുമില്ല. ഭയമാണ്; സന്ധ്യകളെ, ആള്‍ക്കൂട്ടത്തെ, ഇടിത്തീപോലെ മൂര്‍ധാവിലേക്കിറങ്ങുന്ന ഓര്‍മകളെ. ഓര്‍മകള്‍, എന്തോര്‍മകള്‍? എന്തിന്‍റെ, ആരുടെയോര്‍മകള്‍. ഒന്നുമില്ല. ഒടുവിലവശേഷിക്കുന്നത് അതാണ്, ഒന്നുമില്ലായ്മ. ക്രമാനുഗതമായ തകര്‍ച്ചയാണ് ജീവിതം; വിശ്വാസങ്ങളുടെ, ബന്ധങ്ങളുടെ, മനസ്സിന്‍റെ, ശരീരത്തിന്‍റെ, സത്തയുടെ...