Monday, December 1, 2008

മൂരാച്ചി

ഓര്‍ക്കാപ്പുറത്ത് കേറിവന്നാകെ തണുപ്പിച്ച്
ഓര്‍ത്തെടുക്കാനിടയാക്കാതെ ഭ്രാന്ത്‌ പിടിപ്പിച്ച്
അങ്ങാടിയിലും അടുക്കളയിലും അദൃശ്യയായ്
ആലിംഗനങ്ങളിലൂടെ
എന്നെ കൂടുതല്‍ മനുഷ്യനാക്കി നീ.

പുസ്തകം മടക്കിവെച്ച് നിന്നെ ധ്യാനിച്ച്
ആണ്‍കുട്ടികള്‍ കരയാറില്ല എന്നുറപ്പിച്ച്
ഇടിവെട്ടേറ്റപോലെ,
ആരോ വലിച്ചെറിഞ്ഞ ഒരുകല്ലുപോലെ ഞാന്‍.

പ്രണയം ഒരു ചീത്ത വികാരമാണ്
ഒരു പെററിബൂര്‍ഷ്വായുടെ മൂരാച്ചി വികാരം.

3 comments:

Deepa said...

പ്രണയത്തെ ഇങ്ങനെ ആക്രമിക്കണോ?

നരിക്കുന്നൻ said...

പ്രണയം ഒരു മനോഹരമായ വികാരമാണ്. ഏതോ ലവൾ പിണങ്ങിയെന്ന് കരുതി അതിനെ ബൂർഷ്വാ എന്നൊന്നും വിളിക്കല്ലേ..

പ്രണയിക്കാനിനിയും എത്ര മുഖം കാത്തിരിക്കുന്നു, ഹൃദയം തുറന്ന് വച്ച്.

കവിത ഇഷ്ടമായി...

Arun Meethale Chirakkal said...

ദീപ: പ്രണയത്തെ ആക്രമിക്കലായിരുന്നില്ല ഉദ്ദേശം. നവവല്സരാശംസകല്
നരിക്കുന്നന്‍: പണ്ടു പണ്ടു, എന്നുവെച്ചാല്‍ ഓന്ത്കള്‍ക്കും ദിനോസറുകള്‍ക്കും മുമ്പല്ല. കാലം 2001. കൊച്ചിയില്‍ കാക്കനാടുള്ള കേരള പ്രസ് അക്കാദമി ഹോസ്ററലിനുമുംബിലെ കാടുപിടിച്ച് പറമ്പില്‍ ഒരു നാല്‍വര്‍ സംഘം, മൂന്നു കാട്ടു ബുജികളും പാവപ്പെട്ട ഈ ഞാനും. കൂട്ടത്തിലൊരാള്‍ സംഭാഷണമധ്യേ പോടുന്നനെയെഴുന്നേറ്റു, കാമുകിക്ക് (ഇന്നു ഭാര്യ) ഫോണ്‍ ചെയ്യാന്‍. ഉടനെ വന്നു കമന്റ് കാട്ടുബുജിവക: " ഇതു വളരെ പ്രതിലോമാകരമാണല്ലോ" . സത്യത്തില്‍ അതായിരുന്നു ത്രെഡ്. എഴുതിഫലിപ്പിക്കാനുള്ള മരുന്ന് ഇല്ലാത്തത് കൊണ്ടു ഇങ്ങിനെയൊക്കെ ആയിപ്പോയതന്നു. വന്നതിനും കമന്റിയതിനും വളരെ നന്ദി.
നല്ല ഒരു പുതുവര്‍ഷം ആശംസിക്കുന്നു.