Thursday, August 28, 2008

മനസ്സ്

ഉറങ്ങാന്‍പേടിയാണ്.
ഉറക്കത്തില്‍വീഴുമ്പോള്‍
മനസ്സില്‍വീഴുന്നു;
കിണററില്‍വീണുമരിച്ചവന്‍റെമനസ്സ്.
മണ്ണിനുംജലത്തിനുമിടയില്‍
നിലതെററിപ്പോയവന്‍റെ
തീപിടിച്ചമനസ്സ്.

Saturday, August 23, 2008

മറന്നു ഞാന്‍

കണ്ണിലെ തിളക്കം,
കവിളിലെ മറുക്,
ദൈവം കൊത്തിയതെന്നു
ഞാന്‍ കരുതിയ കഴുത്ത്‌.
പൊറുക്കണം പ്രിയേ
എനിക്കൊന്നുമോര്‍ത്തെടുക്കാന്‍കഴിയുന്നില്ല.
അഥവാ ഞാനെല്ലാം മറന്നിരിക്കുന്നു.
ഇതിനായിരുന്നുവോ,
ഇതിനെയായിരുന്നുവോ,
'ജന്മാന്തരങ്ങള്‍ നീളുന്ന
തേങ്ങാക്കൊല' എന്നുവിളിച്ച്
നാം ഉറക്കം കളഞ്ഞത്?

അന്തരം

ദൈവമേ!
ഈ അന്തരം
ചിന്തക്കും വാക്കിനുമിടയില്‍
വാക്കിനും പ്രവൃത്തിക്കുമിടയില്‍
ദൈവമേ
എന്നെക്കുറിച്ച്
ഞാനിങ്ങനെയോന്നുമല്ലല്ലോ
വിചാരിച്ചിരുന്നത്!

ജീവിതം

കീഴടങ്ങലിന്‍റെയും
സന്ധിയുടെയും
പലായനത്തിന്‍റെയും
മുഷിഞ്ഞകിടക്കകളില്‍
ഒരിക്കലുംമൂര്‍ഛിക്കാതെ
അനുസ്യൂതംതുടരുന്നരതി.
യാത്രയാണ്. ലഹരിയുടെനിലയില്ലാക്കയങ്ങളിലേക്കോ, ഭ്രാന്തിന്‍റെചതുപ്പിലേക്കോ? നിശ്ചയമില്ല. എന്താണുപ്രശ്നം? ഒന്നുമില്ല. ഭയമാണ്; സന്ധ്യകളെ, ആള്‍ക്കൂട്ടത്തെ, ഇടിത്തീപോലെ മൂര്‍ധാവിലേക്കിറങ്ങുന്ന ഓര്‍മകളെ. ഓര്‍മകള്‍, എന്തോര്‍മകള്‍? എന്തിന്‍റെ, ആരുടെയോര്‍മകള്‍. ഒന്നുമില്ല. ഒടുവിലവശേഷിക്കുന്നത് അതാണ്, ഒന്നുമില്ലായ്മ. ക്രമാനുഗതമായ തകര്‍ച്ചയാണ് ജീവിതം; വിശ്വാസങ്ങളുടെ, ബന്ധങ്ങളുടെ, മനസ്സിന്‍റെ, ശരീരത്തിന്‍റെ, സത്തയുടെ...