Tuesday, December 19, 2017

തങ്ങൾക്കൊപ്പം
വളരാത്ത
പേരുകളെക്കുറിച്ചോർത്ത്
വ്യസനിച്ചിരിക്കുന്നു,
ഉന്നതശീർഷരെന്നും
നാരീരത്നങ്ങളെന്നും
യഥോചിതം
വിശേഷിപ്പിക്കാവുന്ന
കുട്ടു,
ഉമ്മുക്കുൽസു,
ഉണ്ണിക്കുട്ടൻ,
മാളു,
മുത്ത്,
ചക്കി
അമ്മു,
ചിക്കു,
വാവ,
മുതൽ പേർ.


Tuesday, May 30, 2017

കിളിപ്പാട്ട്


പെണ്ണ് കിട്ടുന്നില്ല
മുടിയാണ് പ്രശ്നം,
മുടി നീട്ടിവളർത്തിയ
ഒന്നാമൻ പറഞ്ഞു.

മുടിയാണ് പ്രശ്നം,
കഷണ്ടിയിൽ തലോടി
രണ്ടാമൻ ശരി വെച്ചു.

പരസ്പരം വെച്ച് മാറാനുള്ള
പ്രശ്നങ്ങളേ നിങ്ങൾ മനുഷ്യർക്കുള്ളൂ
എന്ന് മരക്കൊമ്പിലിരുന്നൊരു
കിളി  പാടി. 

Sunday, April 23, 2017

അഭ്യുദയകാംക്ഷി

വാക്കവിടെ കിടക്കും,
കിടന്നോട്ടെ.
പക്ഷെ വല്ല പിള്ളാരും
അർഥം ചോദിച്ചാൽ
എന്ത് പറഞ്ഞു,
ആരെക്കാണിച്ചുദാഹരിക്കും? 

Friday, November 8, 2013

കുമ്പസാരം

തൂങ്ങിച്ചത്തു കൊണ്ടിരുന്നവനെ
കയററുത്താ ശു പത്രിയിലെത്തിച്ചത്
കാരുണ്യം കൊണ്ടായിരുന്നില്ല.

'താൻ  മാത്രം അങ്ങനെയിപ്പൊ രക്ഷപ്പെടേണ്ട'
എന്ന ഞണ്ട്‌ മനോഭാവമായിരുന്നു പ്രസ്തുത
പ്രവൃത്തിക്കു പിന്നിലെ ചേതോവികാരം.

Wednesday, October 9, 2013

പ്രണയിക്കുന്ന ഒരാള്‍
പൊടുന്നനെ താണ്ടുന്ന
ചില ദൂരങ്ങളുണ്ട്.

ഒരു തരത്തില്‍ പറഞ്ഞാല്‍
പ്രാകൃതത്തില്‍ നിന്ന്
സംസ്കൃതത്തിലേക്കുള്ള
ദൂരമാണത്.

'പണ്ടാരം,  പിന്നേം നേരം
വെളുത്തു' എന്നതില്‍ നിന്നും    
'പ്രഭാതം വശ്യമായി പുഞ്ചിരി
തൂകി സ്വാഗതമരുളി' എന്നതിലേ
ക്കുള്ള ദൂരം.          
      

Monday, September 9, 2013

സാരോപദേശം

ഒട്ടകങ്ങൾക്കും, പെണ്‍കുട്ടികൾക്കും
ഇടം കൊടുക്കരുത്.
കൂടാരമെന്നല്ല, ഹൃദയാകാശം
പോലും തികഞ്ഞെന്നു വരില്ല.

Wednesday, March 6, 2013

മദ്യം


എന്നെ ഞാനാക്കും,
ഞാനല്ലാതാക്കും,
വേറെ പലരുമാക്കും,
ആരുമല്ലാതാക്കും.    

Thursday, October 25, 2012

ശങ്ക


മനുഷ്യര്‍ പുഴുക്കളെപ്പോലെ 
നുരക്കുന്ന നഗരത്തിലെ 
കോണ്‍ക്രീറ്റ് വനങ്ങളില്‍ 
ജീവിക്കുന്ന ഒരാള്‍ക്ക് 
പ്രണയിക്കാമോ?
 
പാടില്ലെന്നല്ല, എന്നാലും
ഒരാപത്ശങ്ക;
എങ്ങാനും പ്രണയഭംഗം 
സംഭവിച്ചാലോ?

പരീക്കുട്ടിക്കു പാടിപ്പാടി 
നടക്കാന്‍ ഒരു 'കടാപ്പുറം'
തന്നെ സ്വന്തമായുണ്ടായിരുന്നു.
അത്രയൊന്നും വേണ്ടെങ്കിലും 
ആരും കാണാതെ ആകാശം 
നോക്കികിടക്കാന്‍ ആെളാഴിഞ്ഞ 
ഒരാറടിയിടമെങ്കിലും വേണ്ടേ?

Thursday, June 2, 2011

നീയിപ്പോഴെവിടെയാണ്?



നിന്റെ ലോകങ്ങളില് എങ്ങിനെ കാണപ്പെടും,
എങ്ങിനെ കാണപ്പെടുന്നതായിരിക്കുമുത്തമം
എന്നിങ്ങനെ ആധികള്  പെരുകിപ്പെരുകിയാണ്
എനിക്കെന്റെ ലോകവും, എന്നെയും നഷ്ടമായത്.
അതിരിക്കട്ടെ, നീയിപ്പോഴെവിടെയാണ്?

Thursday, February 10, 2011

നായികാ സങ്കല്പം

നന്ദി ലവന്മാരോടു തന്നെയാണ്
നാഴികക്ക് നാല്പതു വട്ടം
അമേരിക്കയില്‍ നിന്നും
മുത്തച്ചനെ കാണാന്‍
കൊച്ചുമകളെ ഇംപോര്‍ട്ട്
ചെയ്യുന്നവരോട്.
പെണ്ണ് വീട്ടിലിരിക്കുമായിരുന്നെങ്കില്‍
കുഴപ്പമില്ലായിരുന്നു.
ഇത് ചുമ്മാ ക്യാമറയും പൊക്കി
പിടിച്ചോണ്ടോടിക്കോളും
കൂടെ കുേറ തെണ്ടിപ്പിളേളരും.

എന്റെ നായിക രതിനിര്‍വെദത്തിലെ
ജയഭാരതിയെപോലെ, ചെമ്മീനീലെ
ഷീലയെപോലെ വസ്ത്രം ധരിച്ചവളായിരിക്കും.
എന്റെ നായികയെ ഞാന്‍ ശനിയാഴ്ച വൈകിട്ട്
ആറ് മുപ്പതിന് ബ്രിഗേഡ് റോഡിലിറക്കും
എന്നിട്ട് പറയിക്കും; "അമ്പമ്പട രാഭണാ..."

Friday, December 3, 2010

ഒരു വിഷമം

മരണത്തോളം വലുതൊന്നും വരാനില്ല
എന്ന അധമചിന്തയല്ലേ ജീവിച്ചിരിക്കാന്‍
കാരണം എന്നാലോചിക്കുമ്പോള്‍ ഒരു വിഷമം.

Sunday, November 7, 2010

മാറാ രോഗങ്ങല്‍

പാതിരയാവോളം നട്ടെല്ല് നിവര്‍ത്തിയിരുന്നു
മാര്‍കസ്‌ അരീലിയസിനെ വായിച്ചാലും
ഉറങ്ങാന്‍ കിടന്നാല്‍ തികട്ടി വരും;
"എന്നാലും കുലട എന്നോടിത് ചെയ്തല്ലോ"

"എന്റെ പ്രേമ പ്രശ്നങ്ങല്ലുമായി ഞാന്‍*
ഐക്യരാഷ്ട്രസഭയെ സമീപിക്കുമെന്ന്
മാര്‍ക്ക്‌ ബോലാന്‍ പാടിയത്" തമാശയായിട്ടാവില്ല
ഉറപ്പാ, അമ്മയാെണ സത്യം.

മേതിലിന്റെ അപ്പവും വീഞ്ഞും എന്ന കവിതയിലെ വരികല്‍*

Tuesday, August 31, 2010

മൊബൈല്‍ വിചാരങ്ങള്‍

ഒരു പാടു കാലത്തിനു ശേഷം കേട്ടത് കൊണ്ടാവാം
"എന്നാല്‍ വെക്കട്ടെ" എന്ന് കേട്ടപ്പോള്‍ ചിരിച്ചു പോയി.
എവിടെ വെക്കും എന്ന് കൂടി ഓര്‍ത്തപ്പോള്‍ ചിരി കൂടി.
പണ്ടത്തെ മൂപ്പീന്നിനു സ്വന്തമായി ഒരു ക്രേഡില്‍ എങ്കിലും
ഉണ്ടായിരുന്നു. ഇത് ചുമ്മാ...

Saturday, June 26, 2010

മാറുന്ന ലോകം

രണ്ടു പേര്‍ ചുംബിക്കുമ്പോള്‍
ലോകം മാറുന്നില്ല എന്നല്ല
ഞാന്‍ പറയുന്നത്.
ഒരാള്‍ തനിച്ചിരുന്നു
വെള്ളമടിക്കുമ്പോഴും
ലോകം മാറുന്നുണ്ട് എന്നാണ്.
യേത് ?
അത്.

Wednesday, April 7, 2010

നഷ്ടം, ത്ഫൂ!

കാണാന്‍ മനസ്സ് വെക്കാറില്ല,
നോക്കി നില്‍ക്കേ
കൈവെള്ളയിലൂടെ
വിലപ്പെട്ടതെല്ലാം
ഒന്നിന് പിറകേ
ഒന്നായി ഊര്‍ന്നു പോകുന്നത്.
ഞെളിഞ്ഞു നടക്കുകയാന്നു
തരിശു തലയില്‍ വിഗ്ഗും വെച്ച്
'മുടിയനാ'യി.
നഷ്ടമാന്ന് പോലും നഷ്ടം
കൊഴിഞ്ഞു പോകുന്ന രണ്ടു മൈര്.
ത്ഫൂ!

Friday, October 9, 2009

ഏറ്

വരും വഴിയാണ് കണ്ടത്.
ഒന്നേ നോക്കിയുള്ളൂ,
ചെന്ന് വീണതൊരു
വൈക്കോല്‍ കൂനയില്‍.
കറക്കിയെറിഞ്ഞതാണ്
കണ്ണുകൊണ്ട് സുന്ദരി.

Saturday, July 4, 2009

നിര്‍ണായകം

സര്‍വസ്വവും അതായിരുന്നു;
പുറപ്പെട്ടുപോയ വാക്കുകള്‍.
പടുത്തുയര്‍ത്ത്തിയതെല്ലാം -
സ്നേഹം, കലഹം, നേട്ടം, നഷ്ടം -
വാക്കിനെ മുന്‍ നിര്‍ത്തിയായിരുന്നു.
മരണക്കിടക്കയില്‍ മാനം നോക്കി
കിടക്കുമ്പോഴാണ് മനസ്സിലായത്‌,
ശിഖണ്ടിയെ മുന്‍നിര്‍ത്തിയായിരുന്നു
യുദ്ധമെന്ന്.
ഉച്ചരിക്കപ്പെടാതെ പോയ
വാക്കുകളായിരുന്നു നിര്‍ണായകമായതെന്ന്.

Friday, June 19, 2009

ചെയ്യാതെ പോയത്‌

നെഞ്ചില്‍ ശ്വാസം വിലങ്ങി.
അവസാനത്തെ പിടച്ചില്‍,
വാരിയെല്ലുകളുയര്‍ന്നുതാണു.
കുഴിഞ്ഞ കണ്ണുകളില്‍
ജലം നിറഞ്ഞു.
പശ്ചാത്താപം പേമാരിയായ് പെയ്തു;
ചെയ്യാതെ പോയ
താന്തോന്നിത്തരങ്ങളെക്കുറിച്ചോര്‍ത്ത്.

Monday, February 9, 2009

ഓര്‍മ്മ

ഞാന്‍നിന്നെക്കുറിച്ചോര്‍ക്കുന്നത്
പഴയ നാട്ടുരാജാവിന്‍റെ പ്രേതം
കടത്തിണണയിലിരുന്ന്, പല്ലിടകുത്തിക്കൊണ്ട്
തന്‍റെ നാട്ടിലാദ്യം കാലുകുത്തിയ
പറങ്കിയെക്കുറിച്ചോര്‍ക്കുംപോലെയാണ്.

Monday, February 2, 2009

ഏറ്റവും പ്രിയപ്പെട്ട ഒരാളോട് പൊറുക്കുക എന്നത്
ധനികന്‍റെ സ്വര്‍ഗപ്രവേശം പോലെയാണ്;
ഒട്ടകം സൂചിക്കുഴയിലൂടെന്നപോല്‍.