Friday, October 9, 2009

ഏറ്

വരും വഴിയാണ് കണ്ടത്.
ഒന്നേ നോക്കിയുള്ളൂ,
ചെന്ന് വീണതൊരു
വൈക്കോല്‍ കൂനയില്‍.
കറക്കിയെറിഞ്ഞതാണ്
കണ്ണുകൊണ്ട് സുന്ദരി.

Saturday, July 4, 2009

നിര്‍ണായകം

സര്‍വസ്വവും അതായിരുന്നു;
പുറപ്പെട്ടുപോയ വാക്കുകള്‍.
പടുത്തുയര്‍ത്ത്തിയതെല്ലാം -
സ്നേഹം, കലഹം, നേട്ടം, നഷ്ടം -
വാക്കിനെ മുന്‍ നിര്‍ത്തിയായിരുന്നു.
മരണക്കിടക്കയില്‍ മാനം നോക്കി
കിടക്കുമ്പോഴാണ് മനസ്സിലായത്‌,
ശിഖണ്ടിയെ മുന്‍നിര്‍ത്തിയായിരുന്നു
യുദ്ധമെന്ന്.
ഉച്ചരിക്കപ്പെടാതെ പോയ
വാക്കുകളായിരുന്നു നിര്‍ണായകമായതെന്ന്.

Friday, June 19, 2009

ചെയ്യാതെ പോയത്‌

നെഞ്ചില്‍ ശ്വാസം വിലങ്ങി.
അവസാനത്തെ പിടച്ചില്‍,
വാരിയെല്ലുകളുയര്‍ന്നുതാണു.
കുഴിഞ്ഞ കണ്ണുകളില്‍
ജലം നിറഞ്ഞു.
പശ്ചാത്താപം പേമാരിയായ് പെയ്തു;
ചെയ്യാതെ പോയ
താന്തോന്നിത്തരങ്ങളെക്കുറിച്ചോര്‍ത്ത്.

Monday, February 9, 2009

ഓര്‍മ്മ

ഞാന്‍നിന്നെക്കുറിച്ചോര്‍ക്കുന്നത്
പഴയ നാട്ടുരാജാവിന്‍റെ പ്രേതം
കടത്തിണണയിലിരുന്ന്, പല്ലിടകുത്തിക്കൊണ്ട്
തന്‍റെ നാട്ടിലാദ്യം കാലുകുത്തിയ
പറങ്കിയെക്കുറിച്ചോര്‍ക്കുംപോലെയാണ്.

Monday, February 2, 2009

ഏറ്റവും പ്രിയപ്പെട്ട ഒരാളോട് പൊറുക്കുക എന്നത്
ധനികന്‍റെ സ്വര്‍ഗപ്രവേശം പോലെയാണ്;
ഒട്ടകം സൂചിക്കുഴയിലൂടെന്നപോല്‍.

Wednesday, January 14, 2009

ഗൃഹാതുരത്വം

കുറച്ചു നാളായി ഗൃഹാതുരത്വം പങ്കു വെക്കണം എന്നൊരാശ,
പക്ഷെ ഓക്കാനിക്കാതെ ഓര്‍ത്തെടുക്കാന്‍ കഴിയുന്നത് തുച്ഛം.
അവയില്‍ ചിലത്:

ഓര്‍മവെച്ച നാള്‍മുതല്‍ എല്ലാ കളികളിലും എററവും പിന്നിലായത്.
ശ്വാസമടക്കിപ്പിടിച്ചിരുന്നു കൊച്ചുപുസ്തകം വായിച്ചത്.
ബീഡിപ്പുക നവദ്വാരങ്ങളിലൂടെയും പടിയിറങ്ങിപ്പോയത്.
'ഇപ്പോള്‍ പൊട്ടും, ഇപ്പോള്‍ പൊട്ടും'
എന്ന് ഹൃദയം ഭീഷണിപ്പെടുത്തിയിട്ടും
ഓലടാക്കീസിലെ ഇരുളില്‍ ധൈര്യം പിടിച്ചിരുന്ന്
'ജ്ഞാനസമ്പാദനം' നടത്തിയത്.
മദ്യമൊരു വഴിയാണെന്ന തിരിച്ചറിവിനും മുമ്പ്
മദ്യമണണാക്കിലൂടൊരു വഴി വെട്ടിയിറങ്ങിപ്പോയത്...

Thursday, January 8, 2009

ആപ്പീസ്

ആനകളില്ല, പേരിനുപോലും.
എന്നിട്ടും ഇത്രയേറെ ആനപ്പിന്ടങ്ങള്‍?
തിളങ്ങും തറയിലും, കോണ്‍ഫറന്‍സ് റൂമിലെ മേശക്കുചുററും,
എന്തിന് ഉമ്മറത്തെ കാബിനില്‍ പോലും.
എങ്ങാനും ചവിട്ടി വഴുതിവീണ്
തലയടിച്ചു മരിക്കുമോ എന്നാണ് പേടി.

* "ആനയെ പേടിക്കണം എന്നുവെച്ച് ആനപ്പിണ്ടത്തെ പേടിക്കണോ"? എന്ന
പുരാതനമായ ആ സംശയത്തോട്‌ കടപ്പാട്.